വി.പി.എന്‍. സംവിധാനം സ്കൂള്‍ തലത്തില്‍
കേരളത്തിലെ നാലായിരത്തോളം വരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്റഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മറ്റ് 300 ഓഫീസുകളിലുമായി കണക്ട് വിറ്റി ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ ധാരണാപത്രം സെക്രട്ടറിയേറ്റ് പി.ആര്‍.ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കരന്‍, എസ്.എസ്.എ ഡയറക്ടര്‍ ഡോ.കെ.എം.രാമാനന്ദന്‍, സീമാറ്റ് ഡയറക്ടര്‍ വല്‍സലകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയും ബി.എസ്.എന്‍..എല്‍. ജനറല്‍ മാനേജര്‍ റാം ബാബുവും പരസ്പരം കൈമാറി. ഇന്‍ഡ്യയില്‍ ഇത് ആദ്യമായാണ് വി.പി.എന്‍. സംവിധാനം സ്കൂള്‍ തലത്തില്‍ നടപ്പാക്കുന്നത്. ഇത് കേരളത്തില്‍ നടപ്പാക്കിയതില്‍ വച്ച് ഏറ്റവും വലിയ നെറ്റ് വര്‍ക്ക് സംവിധാനമാണ്. ഐ.റ്റി. അറ്റ് സ്കൂള്‍ പ്രോജക്ട് ബി.എസ്.എന്‍.എല്‍. വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുളള സാധാരണ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വി.പി.എന്‍. അധിഷ്ഠിതമാകുമ്പോള്‍ എത്ര വലിയ ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ വിനിമയം ചെയ്യാന്‍ സാധിക്കും. സംസ്ഥാന ഡേറ്റാ സെന്ററില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ഒരു ഇന്‍ട്രാനെറ്റ് മാതൃകയില്‍ യാതൊരു തടസ്സവും കൂടാതെ ഇനി സ്കൂളുകള്‍ക്ക് ഉപയോഗിക്കാം. കോഡ് ഭാഷയിലാക്കി ഡേറ്റയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത രൂപത്തില്‍ സുരക്ഷിതമായി ഡേറ്റാ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് വി.പി.എന്‍-ന്റെ മറ്റൊരു പ്രധാന സവിശേഷത. വി.പി.എന്‍. വഴി സ്കൂളുകള്‍ക്ക് ഐ.ടി. അധിഷ്ഠിത ഉളളടക്കം, സ്കൂള്‍ വിക്കി, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം, സ്കൂള്‍ പോര്‍ട്ടല്‍ തുടങ്ങിയ അക്കാദമിക വിഭവങ്ങള്‍, മള്‍ട്ടിമീഡിയ, എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി റിസള്‍ട്ടുകള്‍, ഏകജാലക പ്രവേശന പ്രക്രിയയിലെ വിവരങ്ങള്‍, കലോല്‍സവങ്ങള്‍, ശാസ്ത്രമേളകള്‍, ഇ-ഗവേണന്‍സ് പ്രക്രിയകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് ഇനി അനായാസേന ഉപയോഗിക്കാം. കൂടാതെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക ഗേറ്റ് വേ ഫില്‍റ്ററും ഐ.ടി. അറ്റ് സ്കൂള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
Comments
Post a Comment